Tuesday, May 12, 2015

കാർഷിക സർവ്വകലാശാലകൾ അടച്ചുപൂട്ടണം

വിഷലിപ്ത പച്ചക്കറി എന്നതു ജൈവ(കർഷക)വ്യവസായ ലോബിയുടെ ഒരു പ്രചാരണമാണു. അവരുടെ പ്രോഡക്റ്റുകൾക്ക് മാർക്കറ്റുണ്ടാക്കാൻ.

ഇന്നു ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവർ ആരാണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പഴയ കൃഷി ശാസ്ത്രജ്ഞന്മാർ. പണ്ട് അവർ പറഞ്ഞുകൊടുത്ത ശാസ്ത്രീയ കൃഷിയിലൂടെ ഉൽ‌പ്പാദിപ്പിക്കുന്ന വിളകളാണു ഇന്നു വിഷമെന്നു അവർ തന്നെ പറയുന്നതു. ശാസ്ത്രിയമെന്നു അവർ വിശ്വസിപ്പിച്ച കൃഷിരീതികൾ കർഷകർ പിന്തുടർന്നു എന്നേയുള്ളു. കർഷകർ വ്യത്യസ്ഥമായി ഒന്നും ചെയ്തില്ല. ശാസ്ത്രീയകൃഷിരീതിയിൽ നിന്നും വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളേ ഉല്പാദിപ്പിക്കപ്പെടുകയെങ്കിൽ ഈ കാർഷികസർവ്വകലാശാലകളൊക്കെ എന്തിനാണു നാം ഇപ്പോഴും തുറന്നു വച്ചിരിക്കുന്നതു. സർക്കാരിനു അതു അടച്ചു പൂട്ടിക്കൂടെ? 

ഒരു ജില്ല രാസവള വിമുക്തമാക്കുന്നതിനേക്കാൾ അത്യാവശ്യം, ആധുനികകൃഷി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നിർത്തുന്നതു തന്നെയാണു.
ശാസ്ത്രീയ കൃഷി തെറ്റായിരുന്നു എന്നു ബോദ്ധ്യമായ സ്ഥിതിക്ക് അതിനു പ്രചാരം കൊടുത്ത ശാ‍സ്ത്രജ്ഞരെയും, ഉദ്യോഗസ്ഥരേയും ഉടൻ കുറ്റവിചാരണ നടത്തി ജയിലിലടക്കണം. അവരുടെ പ്രവർത്തി ജനത്തെ വിഷം തീറ്റിച്ചു കൊല്ലാനായിരുന്നു എന്നു വ്യക്തമാണു. ഇത്തരമൊരു കേസിൽ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഈ ശാസ്ത്രജ്ഞന്മാരെയൊക്കെ എന്നെ വെടിവച്ചു കൊന്നേനെ!

അടിക്കുറിപ്പ് : യഥാർത്ഥത്തിൽ പച്ചക്കറിയിൽ വിഷം കലർത്തുന്നതു ഇടനിലക്കാരും വിതരണക്കാരുമാണു. ചീയാതെയും അളിയാതയും പച്ചക്കറി ദിവസങ്ങളോളം ഇരിക്കണ്ടതു അവരുടെ മാത്രം ആവശ്യമാണു. അങ്ങനെ ചേർക്കുന്ന വിഷമാണു കർഷകന്റെ തലയിൽ കെട്ടിവക്കുന്നതു. യഥാർത്ഥ കുറ്റവാളിയെ വെറുതെ വിടുകയും അശക്തനായ ഇരയെ വേട്ടയാടുകയും ചെയുന്ന പതിവു പ്രതിഭാസമാണു പച്ചക്കറിയിലെ വിഷവും.

No comments: