Sunday, October 5, 2014

വിവാദ ജീൻസ്

വസ്ത്രം തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണു മലയാളിയെ നയിക്കുന്നതു? ആരോഗ്യപരമായ വസ്ത്രധാരണരീതിയാണു ഉദ്ദേശമെങ്കിൽ വെള്ളമുണ്ടും വെള്ള മേൽ‌വസ്ത്രവും മതിയാകും. ഈ ട്രോപ്പിക്കൽ കാലാവസ്ഥയിൽ അതാണു ഉചിതവും. ആവശ്യത്തിനു വായുസഞ്ചാരം. ഇറുക്കത്തിനനുസരിച്ച് അയക്കാൻ കഴിയുന്ന അരച്ചുറ്റ്. വിയർപ്പുതുടയ്ക്കാനും നെഞ്ചു തണുപ്പിക്കാനും സൌകര്യം. പക്ഷെ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതു അതൊന്നുമല്ല. ഭംഗി, ഫാഷൻ, വിലകൾ. സെലിബ്രിട്ടികളുടെ തിരഞ്ഞെടുക്കലൊക്കെയാണു. വ്യത്യസ്ഥതയ്ക്കു വേണ്ടിയാണെന്നൊക്കെ പറയുമെങ്കിലും അതിനുള്ള എന്തു യോഗ്യത അതു ധരിക്കുന്നവർക്കുണ്ട് എന്നാരും ആലോചിക്കാറില്ല. മറ്റുള്ളവർ ധരിക്കുന്നതു നാം കടമെടുക്കുന്നു. അതിന്റെ ശാസ്ത്രീയതയോ, സാമൂഹികപ്രസക്തിയോ നാം ചിന്തിക്കാറില്ല. അന്യന്റെ വസ്ത്രത്തിലാണു നമ്മുടെ കണ്ണ്. അങ്ങനെയാണു സാരിയും, ചൂരിദാറും, ട്രൌസറുകളും കേരളത്തിലേക്ക് കടന്നുവന്നതു. അതു ധരിക്കാനുള്ള ന്യായങ്ങൾ നാം പിന്നീടുണ്ടാക്കി. ട്രൌസറാണെങ്കിൽ ദിവസവും നനയ്ക്കണ്ട. ചൂരിദാർ യാത്രക്ക് സൌകര്യം. സാരിയുടുത്താൽ ശ്വാസം മുട്ടും. പക്ഷെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതൊന്നുമില്ല. അപ്പോൾ എല്ലാവർക്കും ട്രഡീഷനലാവണം. ജീൻസായാലും ട്രൌസറായാലും നനക്കാതെ ഉപയോഗിക്കാം എന്നു ശുചിത്വത്തിൽ ഏറെ ശുഷ്കാന്തിയുള്ള മലയാളി പറയുമ്പോൾ അതിൽ‌പ്പരം ഹിപ്പോക്രസി വേറെ എന്തുണ്ട്? ഈ ചൂടിൽ ദിവസവും നനച്ചുണക്കാതെ വസ്ത്രങ്ങൾ ധരിക്കുന്നവനു എന്തു ശാസ്ത്രബോധം?

ഇങ്ങനെയുള്ള വരത്തന്റെ വസ്ത്രങ്ങളിലാണു മലയാളിക്ക് കമ്പമെങ്കിൽ അതു നടക്കട്ടെ. സ്വന്തമായ ഭക്ഷണശീലം നശിപ്പിച്ചവനാണു മലയാളി. പിന്നെ വസ്ത്രത്തിന്റെ കാര്യത്തിൽ എന്തിനു ഒരു നിർബ്ബന്ധം. അന്നത്തേക്കാൾ വലുതല്ലല്ലോ‍ വസ്ത്രം. ഇതാണു പറയുന്നതു മയാളിക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ല. ആശകൊണ്ട് പുതുമുറ വസ്ത്രങ്ങൾ ധരിക്കട്ടെ. പക്ഷെ അതിൽ മിനിമം ഔചിത്യമെങ്കിലും കാണിക്കാറുണ്ടോ, അതുമില്ല.

ഇപ്പോൾ സ്ത്രീകളുടെ ജീൻസു വിവാദമായിരിക്കുകയാണല്ലോ. അതിനുള്ള ന്യായം അതു ധരിക്കുന്നതു സുരക്ഷയെ പ്രതിയാണെന്നാണു. ജീൻസ് ഊരിയെടുക്കാൻ പ്രയാസമായതുകൊണ്ട് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലത്രെ. ശരിയായിരിക്കാം. എങ്കിൽ അതു അതിന്റെ രീതിയിൽ ധരിക്കണം. ശരീരം മറച്ച്, ലോങ്ങ്ഷർട്ടിട്ട് ഒക്കെ. ഇപ്പോഴങ്ങനെയാണൊ? ഇതിപ്പോൾ Low rise Jeans ഉം Short shirt ഉമാണു മിക്കവരുടേയും ചോയിസ്. അതു ബീഭത്സമാണെന്നു പറയാതെ നിവർത്തിയില്ല. കേരളത്തിലെ ഒരുമാതിരിപ്പെട്ട പെണ്ണിന്റേയും ആണിന്റേയും ശരീരം പരമ ബോറാണു. അളവോ അഴകോ ഇല്ലാത്ത, മാംസക്കഷണങ്ങൾ തൂങ്ങിക്കിടക്കുന്ന, വയറുന്തിയ, ചുളിവുകളും പാടുകളും വീണ, മടക്കുകളിൽ അഴുക്കുപിടിച്ച താണു മിക്ക ഉടലുകളും. അവയൊക്കെ പ്രദർശിപ്പിച്ചാൽ അറപ്പാണു തോന്നുന്നുക. ബർമുഡയും ഷോർട്ട് ഷർട്ടുമിട്ടു നടക്കുന്ന ആണുങ്ങളെ കണ്ടാലും ഇങ്ങനെ തന്നെ. കാർക്കിച്ചു തുപ്പും. പലരുമതു കാഷ്വൽ മാറ്റി ഒഫീഷ്യൽ പോലുമാക്കാറുണ്ട്. അതുപോലെ വേറൊരു കൂട്ടരാണു കക്ഷം മിനുക്കാതെ സ്ലീവ്‌ലസ്സ് ഇടുന്ന സ്ത്രീകൾ. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഉച്ചയാകുന്നതിനു മുൻപേ മിക്ക മലയാളിയുടെ കക്ഷത്തിലും ഗുളിക ഉരുട്ടാവുന്ന പരുവത്തിൽ മെഴുക്ക് അടിയും. പിന്നെ അതും കാണിച്ചുകൊണ്ടാണു സ്ലീവ്‌ലെസ്സുകളുടെ ഊരുചുറ്റൽ.. ഉറപ്പില്ലാത്ത തുടകളും, അഴകില്ലാത്ത കൈകളും വേറെ വൈകൃതങ്ങൾ. വസ്ത്രം തിരഞ്ഞെടുക്കുന്നതിനു മുൻപ് മലയാളി സ്വന്തം ശരീരത്തെ ഒന്നു പഠിക്കണം.

2Kയോടെ Low rise Jeans ലോകമെമ്പാടും ഫാഷനായി. മുകൾഭാഗം അരഞ്ഞാണമിടുന്ന ഭാഗം വരെ എത്തുന്നതരം ജീൻസുകളാണവ. ഷിമിസോ ബനിയനോ ഇടാതെ Low rise Jeans ധരിച്ചാൽ മിക്കവരുടേയും അടിവസ്ത്രം പുറത്തുകാണും. Low rise Jeansനൊപ്പം പുതിയൊരു സൌന്ദര്യസങ്കല്പവുമുണ്ടായി. Attraction of buttock cleavage. അതിനു മുൻപുവരെ മാറിടത്തിന്റെ വിടവായിരുന്നു ആകർഷണം. കമ്പനികൾ മാർക്കറ്റിങ്ങിനു ഉപയോഗിച്ച ഒരു തന്ത്രമാണു പിൻ‌ഭാഗവിടവ്. ഫോട്ടോഗ്രാഫുകളിലും, പെയിന്റിങ്ങുകളിലും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒരു സങ്കല്പമായിരുന്നെങ്കിലും പൊതുസമൂഹത്തിൽ അതുണർത്തിയതു കൂടുതലും ജുഗുപ്സയായിരുന്നു. അഴുക്കുപറ്റി തുറന്നുവയ്ക്കുന്ന നാപ്പികളെ അതോർമ്മപ്പെടുത്തി. Low rise Jeans ഹൈലൈറ്റ് ചെയ്യുന്നതു മനുഷ്യന്റെ പിൻ‌ഭാഗമാകുമ്പോൾ അതു സൌന്ദര്യത്തേക്കാൾ വിസർജ്ജനത്തെ ഓർമ്മപ്പെടുത്തുന്നതു സ്വാഭാവികം. കേരളത്തിലുമിപ്പോൾ Low rise Jeans ആണു ട്രെൻഡ്. ഷേപ്പില്ലാത്ത പുക്കിളും ചാടിയ വയറുമുള്ള മലയാളി അതു ധരിക്കുമ്പോഴുള്ള വൈകൃതം പറഞ്ഞറിയിക്കാൻ വയ്യ.

No comments: