Friday, October 17, 2014

മലയാളിയുടെ യഥാർത്ഥ രോഗം

ആരുടെയെങ്കിലും നഗ്നതയോ അതിലേക്കുള്ള ഉളിഞ്ഞുനോട്ടമോ അല്ല കേരളത്തിന്റെ കാതലായ പ്രശ്നം. രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണതു. മലയാളിക്ക് ഒരു ജീവിത തത്ത്വശാസ്ത്രമില്ല. അതണു യഥാർത്ഥ പ്രശ്നം. മാറ്റമില്ലാത്ത ഒന്നുമായി താരതമ്മ്യപ്പെടുത്തുമ്പോഴെ തനിക്കുണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ കഴിയു. അങ്ങനെ മാറ്റമില്ലാത്ത ഒന്നു ഇന്നു മലയാളിക്കില്ല. വ്യക്തി മാതൃകയായാലും തത്ത്വചിന്തയായാലും. ഏതു വിഷയമെടുത്താലും വിഭിന്ന വീക്ഷണങ്ങൾ അവതരിപ്പിച്ച് ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്യുക മാത്രമാണു മലയാളി ചെയ്യുന്നതു. അതിനു അപ്പപ്പോൾ കിട്ടുന്ന തത്ത്വശാസ്ത്രങ്ങളേയോ, വ്യക്തിമാതൃകകളേയോ കൂട്ടുപിടിക്കും. തന്റെ അനുഭവം പോലും അവൻ പലപ്പോഴും ഒരു ന്യായമായി എടുക്കാറില്ല.
മലയാളിയുടെ ഈ സ്വഭാവം അരാജകത്വമാണു. പക്ഷെ അതിലുമില്ല ആത്മാർത്ഥത. അരാജകത്വം മോശമാണെന്നു എനിക്ക് അഭിപ്രായമില്ല. ചില അവസ്ഥകൾ അങ്ങനെ വരും. പക്ഷെ അരാജകത്വം പോലും അതിന്റെ അന്ത:സത്തയിൽ ഉൾക്കൊള്ളാനുള്ള പരിപ്പ് മലയാളിക്കില്ല. അരാജകത്വ ചിന്തകൾ പ്രതിഫലിപ്പിക്കുമ്പോൾ പോലും അതു തന്റെ ജീവിതത്തെ വന്നു മുട്ടുന്നതുവരെ മാത്രമേ അതിൽ നിൽക്കു. ജീവിതത്തിൽ തട്ടുമെന്നു തോന്നിയാൽ ഉടൻ ചുവട് മാറും. വേറൊരു ന്യായം പറയും. ഏതു പുരോഗമനവാദിയായ മലയാളിയുടേയും ഉള്ളിൽ ഒളിച്ചിരിക്കുന്നതു ശക്തരായ പാരമ്പര്യവാദികളാണു. തങ്ങളുടെ ജീവിതത്തിനു തട്ടുകിട്ടാത്ത കാര്യങ്ങളിൽ മാത്രമേ ഒരു മലയാളി പുരോഗമനവാദം പറയുകയുള്ളു. ഇതു ഭിന്നവ്യക്തിത്വത്തിന്റെ ലക്ഷണമാണു. കേരളം, ഇപ്പോഴാണു വിവേകാനന്ദൻ പറഞ്ഞ തനി ഭ്രാന്താലയമാ‍യതു. മലയാളിയുടെ മനോനില തീരെ ശരിയല്ല.
ഇന്നുള്ളതു ഒരു തരം ആശയക്കുഴപ്പമാണു. അതു സൈക്കോസിന്റെ വക്കിൽ എത്തിനിൽക്കുകയാണു. ഇപ്പോഴാണു ചികിത്സിക്കാൻ പറ്റിയ സമയം. ചികിത്സ ഒന്നു മാത്രമേയുള്ളു. ഈ അവസ്ഥയിൽ നിന്നും മാറിപ്പോകുക. ഭ്രാന്തുണ്ടെങ്കിൽ ഭ്രാന്തില്ലാത്ത അവസ്ഥ കൈവരിക്കുക. അതിനു ചർച്ചകളോ, സംവാദങ്ങളോ സഹായിക്കുകയില്ല. സ്വയം മാറണം. മാറ്റങ്ങൾ പല നഷ്ടങ്ങളുമുണ്ടാക്കും. അതു സഹിക്കണം. മാറുമ്പോൾ നഷ്ടപ്പെടാനിടയുള്ളവ കൂടി ആസ്വദിച്ചിട്ടു മാറിക്കളയാമെന്നു വിചാരിച്ചിരുന്നാൽ മാറ്റം നടക്കാൻ പോകുന്നില്ല. ആശയക്കുഴപ്പത്തോടെ മരിക്കും.
മലയാളി താൻ മാറാൻ തീരുമാനിച്ചിരിക്കുന്നു എന്നു ആഘോഷപൂർവ്വം പറയാൻ തുടങ്ങിയാൽ അതു വിശ്വസിക്കരുതു. അതു പച്ചക്കള്ളമാണു. മാറ്റത്തെ അട്ടിമറിക്കാനുള്ള പതിവു കൌശലമാണു. ഒന്നു പറയുകയുകയും വേറൊന്നു ചെയ്യുകയും ചെയ്യുന്നതു മലയാളിയുടെ സ്വഭാവമാണു.
തനിക്കു മാറാൻ കഴിയുമോ എന്നു ഒരോ മലയാളിയും പ്രവർത്തികൊണ്ട് തെളിയിക്കേണ്ടതുണ്ട്. ആധുനിക ഗാഡ്ജറ്റുകളിൽ കുരുങ്ങിക്കിടക്കുകയാണു മലയാളികൾ. ആദ്യത്തെ ടെസ്റ്റ് അതിനെ അവഗണിക്കാൻ കഴിയുമോ എന്നതാണു. അതു സ്വയം പരിശോധിക്കണം. മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയതും, സോഷ്യൽ നെറ്റുവർക്കുകളിൽ നിന്നും പിൻ‌വാങ്ങിയും, മാദ്ധ്യമങ്ങളെ അവഗണിച്ചും കുറഞ്ഞതു 3 ദിവസമെങ്കിലും കഴിയാൻ പറ്റുന്ന എത്ര മലയാളികൾ ഉണ്ടാകും? അതാണു ടെസ്റ്റ്.
ഇപ്പോൾ തന്നെ ഇതിനെതിരേ ന്യായങ്ങളും വെല്ലുവിളിയും ഉണ്ടാകുമെന്നു അറിയാം. സുഹൃത്തേ ആർക്കെങ്കിലും വേണ്ടി മുദ്രാവാക്യം വിളിക്കലല്ല. അവനവനോടുള്ള ഒരു പരിശോധന മാത്രമാണു. തനിക്കതു ആവശ്യമില്ലെന്നു തോന്നുന്നവർക്ക് ഇതു അവഗണിക്കാം. മാറേണ്ടതു ഓരോത്തരുമാണു. നിങ്ങൾക്ക് (എനിക്കും) അതിനുള്ള കരുത്തുണ്ടോ എന്നു പരീക്ഷിച്ചു നോക്കണം. വെല്ലുവിളിക്കാതെയും, ന്യായങ്ങൾ പറയാതെയും അവനവനോട് ചെയ്യേണ്ട ഒരു ചലഞ്ച്.

No comments: