Thursday, August 7, 2014

അയ്യാസ്വാമികളും ഗോപാൽ സുബ്രഹ്മണ്യവും

താൻ റിപ്പോർട്ട് തയ്യാറാക്കിയതു ‘ശ്രീപദ്മനാഭൻ തന്ന വെളിച്ചത്തിലാണു’ എന്നു അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞപ്പോൾ പണ്ട്, ശ്രീപദ്മനാഭന്റെ വെളിച്ചത്തിൽ പ്രവചനങ്ങൾ നടത്തിയ തൈക്കാട്ട് അയ്യാസ്വാമികളെ ഓർമ്മ വരുന്നു.
വടക്കൻ കേരളത്തിലെ പാമ്പുകാട് ജനിച്ച സുബ്ബരായനാണു പിന്നീട് അയ്യാസ്വാമികളാകുന്നതു. അന്തശയനം കാണാനായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയതു. അവിടെ നിന്നും എന്തോ ആദേശം കിട്ടിയപോലെ ഗുരുവിനെത്തേടി പഴനിയിലേക്ക് പോയി. പിന്നെ ദേശസഞ്ചാരവും ഉപാസനകളുമായി കഴിഞ്ഞു. ഗുരുനിർദ്ദേശിച്ചതനുസരിച്ച് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കുകയും പലവിധ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുകയും ചെയ്തു. അതിനിടയിൽ ആത്മീയ സപര്യയും തുടർന്നു. ശ്രീനാരായണ ഗുരുവിന്റേയും, ചട്ടമ്പി സ്വാമികളുടെ ഗുരുസ്ഥാനീയനാണു അയ്യാസ്വാമികൾ. 36 കൊല്ലം തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ടായിരുന്നു. അങ്ങനെയാണു തൈക്കാട് അയ്യാ സ്വാമി എന്നു അറിയപ്പെടാൻ തുടങ്ങിയതു.

ശ്രീപദ്മനാഭൻ പലപ്പോഴും അയ്യാവിലൂടെ സംസാരിച്ചിരുന്നു എന്നാണു ശിഷ്യന്മാർ വിശ്വസിക്കുന്നതു. പഴയ തിരുവന്തപുരത്തുകാർക്കും സ്വാമിയെ വിശ്വാസമായിരുന്നു. സേതുലക്ഷ്മിഭായി രാജ്യാവകാശിയായി ഭരണം നടത്തുമെന്നും പാർവതിഭായിക്ക് മകനിലൂടെയാണു  രാജഭോഗം കിട്ടുകയെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇരുവരും തീരെ ചെറിയ കുട്ടികളായിരിക്കുമ്പോഴാണു ആ പ്രവചനം നടത്തിയതു. രണ്ടും സത്യമായി. സേതു ലക്ഷ്മിഭായി റീജന്റായി. തിരുവിതാംകൂർ ഭരിച്ചു. ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് ജനനം നൽകി പാർവ്വതീഭായിയും രാജഭോഗം അനുഭവിച്ചു. മിസ്റ്റർ.ദൽഹൌസി ദത്താപഹാര നിയമം ശക്തമായി നടപ്പാക്കണമെന്നു നിർബ്ബന്ധം പിടിക്കുന്ന സമയത്താണു തിരുവിതാംകൂർ അതിനെ മറികടന്നു താൽക്കാലിക ഭരണാധികാരിയായി റീജന്റിനെ നിയമിക്കുന്നതു. ശ്രീമുലം അന്തരിക്കുമ്പോൾ തിരുവിതാംകൂറിനു അവകാശികൾ ആരും ഉണ്ടായിരുന്നില്ല. പക്ഷെ സേതുപാർവ്വതി ഭായി ഗർഭിണിയായിരുന്നു. ഇന്നത്തെപ്പോലെ സ്കാനിങ്ങ് സൌകര്യങ്ങൾ ഒന്നുമില്ലാത്ത അക്കാലത്തു കുട്ടി ആണാണെന്നും തിരുവിതാംകൂറിനു അവകാശിയുണ്ടെന്നും മി.മൺ‌റോ വൈസ്രോയിക്ക് എഴുതിയതു തൈക്കാട് അയ്യാസ്വാമിയുടെ വാക്കിനെ വിലമതിച്ചാണു. ‘ഇന്ത പൈതൽ ആൺ താൻ. ഇവൻ താൻ തിരുവിതാങ്കോടിൻ കടശ്ശിരാചാ‘. അതായിരുന്നു അയ്യാസ്വാമിയുടെ പ്രവചനം. അതും സംഭവിച്ചു.

ഭാരതത്തിൽ കറ്റാഴനാർ പട്ടെനെ‌വെ പരവുകാലം കന്നിയർകൾ വാസമില്ലാ കാട്ടുമലർ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വൻ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കൾ കൈയേന്തിനിർപ്പാർ
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"
അയ്യാസ്വാമികളുടെ മറ്റൊരു പ്രവചനമാണിതു.
ഭാരതത്തിൽ കറ്റാഴ നാർ ‘പട്ടെ‘ന്ന പേരിൽ പ്രചരിക്കും.കന്യകമാർ ‘വാസനയില്ലാത്ത‘ കാട്ടുപൂക്കൾ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഷ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതിൽ കൊലപാതകങ്ങൾ നടക്കും. വഴികളിൽ പിടിച്ചുപറി സാധാരണമാകും. ഉടുതുണിക്കും കഞ്ഞിക്കും ജനങ്ങൾ യാചിക്കും. ഉത്തര ഭാരതം വേർപെട്ടു പോകും. ഇതു നിശ്ചയം. ജനാധിപത്യം ഉദയം ചെയ്തു 65 കൊല്ലം കഴിഞ്ഞിട്ടും ദാരിദ്രം രൂക്ഷമാകുന്നതല്ലാതെ കുറയുന്നില്ല എന്നതിൽ നിന്നും തൈക്കാട് അയ്യാസ്വാമികളുടെ പ്രവചനം എത്രമാത്രം സത്യമാണെന്നു ബോദ്ധ്യമാകും.
ഇപ്പോഴത്തെ ശ്രീപദ്മനാഭ വിവാദത്തെക്കുറിച്ചാണെന്നു സംശയിക്കാവുന്ന ഒരു പ്രവചനവും തൈക്കാട് അയ്യാവിന്റേതായി പ്രചാരത്തിലുണ്ട്. ‘കോവിലിൽ നിന്നും തോല തോലയായി സ്വർണ്ണമൊഴുകും.  പെരിയ സ്വാമികൾ (അതാരാണു?) അനന്തപുരത്തു വരും. അനന്തൻ കണ്ണു തുറക്കും. രാജാവും നമ്പിയും നാണം കെടും. കടൽ കോപിക്കും. അനന്തശായി തിരകളിൽ ആടും. മുക്കുവർ ചോര കൊടുത്തു കാവൽ നിൽക്കും. രസവിദ്യകൊണ്ടുണ്ടാക്കിയ ചക്രങ്ങൾ കളവുപോകും. അതു കൈവശം വച്ചവൻ മുടിയും.’. സാദൃശ്യമുള്ള വസ്തുക്കൾ ഉണ്ടാക്കി ഭണ്ഡാരത്തിൽ നിന്നും യഥാർത്ഥ വസ്തുക്കൾ മാറ്റിയിരിക്കാൻ ഇടയുണ്ട് എന്നു ചീഫ് സെക്രട്ടറി ശ്രീ.സി.വി.ആനന്ദബോസ് പറഞ്ഞതു കൂടി ചേർത്തു വായിക്കുമ്പോൾ തൈക്കാട് അയ്യാസ്വാമികൾ പറഞ്ഞതൊക്കെ സംഭവിക്കുമെന്നു ഭയക്കണം.

No comments: