Saturday, May 25, 2013

മഴ : പരിഭവങ്ങൾ............പരാതികൾ

രാവിലെ തന്നെ മഴ തുടങ്ങി. മഴയ്ക്കൊപ്പം പരാതികളും. ഇതുവരെ കടുത്ത ചൂടിനെ ശപിച്ചിരുന്ന മനസുകൾ “നശിച്ച മഴ” എന്നു പെട്ടെന്നു പറഞ്ഞു. കുടയെടുക്കാൻ മറന്നവർ അസ്വസ്ഥരായി. കുട്ടികൾ ഉള്ളവർ ആശങ്കപ്പെട്ടു.

ആളുകളുടെ ഓരോ രൂപങ്ങളിലേക്ക് ഞാൻ എന്നെതന്നെ സന്നിവേശിപ്പിച്ച് ഒരു നാടകം സങ്കല്പിച്ചു നോക്കി. എന്തു കൊണ്ടാണു നമ്മൾ മഴയെ വെറുക്കുന്നത്? ഒരു കാരണം ഡ്രസ്സ്കോഡാണെന്നു മനസു പറഞ്ഞു.

വിലകൂടിയ പാന്റ്സും ഷർട്ടും. അതു നനയുന്നതു അസ്വസ്ഥതയുണ്ടാക്കും. അതിന്റെ വിലയേ ഓർത്താണു അസ്വസ്ഥത. നനഞ്ഞ വസ്തവുമായി കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നത് സുഖകരമല്ല. മഴയേക്കാൾ വിലകൂടിയ കാറാണു നമ്മൾ ഉപയോഗിക്കുന്നത്. പണിസ്ഥലത്തെത്തുമ്പോൾ “നനഞ്ഞോ” എന്നു ചോദിക്കുമ്പോൾ അതിൽ പരിഹാസം പതിയിരിക്കുന്ന പോലെ തോന്നും. നനഞ്ഞത് കണ്ടാൽ ചിലരുടെ ശാസ്ത്രബോധമുണരും. അവർ കെമിസിട്രിയും ഫിസിയോളജിയുമൊക്കെ പറഞ്ഞ് രോഗങ്ങൾ ഉണ്ടാകുമെന്നു പേടിപ്പിക്കും. വെയിൽ കൊള്ളുന്ന പോലെയല്ല മഴനനയുന്നത്...............

മനസ് പഴയ കാലങ്ങളിലേക്ക് വണ്ടി കയറുന്നു..... ഒറ്റത്തോർത്തും തൊപ്പിപ്പാളയുമണിഞ്ഞ് മഴയിലൂടെ നടന്ന കാലം. കുടകൾ വന്നിട്ടില്ല. ചേമ്പിലയോ തോർത്തോ ഉപയോഗിച്ചിരുന്നവരുമുണ്ട്. തലനനയാതെ നോക്കിയാലും ഉടൽ മഴയിൽ കുതിരും. നനഞ്ഞൊലിച്ച് ചാലു കീറും. തടഞ്ഞുനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനോ, വേണ്ടയിടത്തേക്ക് വെള്ളം കേറ്റാനോ. ചരിഞ്ഞുപോയ ചെടികൾ നിവർത്തി നിർത്താനും മഴനനയണം. കുട്ടികളൊക്കെ ആർത്തു വിളിച്ച് തോട്ടിലേക്ക് ചാടും. മീൻപിടുത്തത്തിന്റെ ആഘോഷമാണു. അന്നൊന്നും ആർക്കും ഈ മഴയെ ഭയമില്ലായിരുന്നു. ജീവിതത്തോട് അടുത്തുനിൽക്കുന്ന ഒരു പ്രകൃതി പ്രതിഭാസമായിരുന്നു അന്നു മഴ. ആർക്കും വേണ്ടാത്ത ബന്ധുവിനെപ്പോലെ വന്നു പോകുന്ന ഒന്നായി ഇന്നു മഴ. പണ്ടുണ്ടായിരുന്ന ഉത്സാഹം ഇന്നു മഴയ്ക്കു നഷ്ടമായി എന്നും തോന്നുന്നു.

ആധുനികനു മഴ ഗൃഹാതുരത്വം പൂണ്ടിരിക്കാനുള്ള ഒരു വിഷയം മാത്രമായി. അവന്റെ വസ്ത്രധാരണത്തെ, പ്രവർത്തികളെ, യാത്രകളെയൊക്കെ നിഷേധിക്കുന്ന ഒന്നാണു ഇന്നു മഴ. ആവശ്യമുള്ളതുകൊണ്ടു മാത്രം മഴ പെയ്യാതിരിക്കണമെന്നു പറയുന്നില്ല.

മഴയ്ക്കുമുണ്ട് പരിഭവങ്ങൾ. പരാതികൾ. നനയ്ക്കാനുള്ള ചെടികൾ കുറഞ്ഞില്ലെ. കിണറുകളും കുളങ്ങളും മൂടിപ്പോയില്ലെ. പശുക്കളും മൃഗങ്ങളും മനുഷ്യരേപ്പോലെ അടച്ചിട്ട മുറികളിലേക്ക് മാറിയില്ലെ. പെയ്യുമ്പോൾ മനുഷ്യനു മടുപ്പ്. പിന്നെ എന്തിനു പെയ്യണം?


മഴയ്ക്കൊരു മനസുണ്ടെങ്കിൽ അതു ഇതെല്ലാം കാണുന്നുണ്ടാകില്ലെ? പിന്നെ, പെയ്താലെന്ത് പെയ്തില്ലെങ്കിലെന്തു എന്നു മഴയ്ക്ക് തോന്നിയാൽ അതിനെ കുറ്റം പറയാനാകുമോ?

1 comment:

Typist | എഴുത്തുകാരി said...

എന്നാലും മഴ വന്നൂല്ലോ.