Thursday, May 23, 2013

പെരുന്തൽമണ്ണയിൽ നിന്നൊരു കത്തു

രാവിലെ അണുവലയിലെ തപാൽ‌പ്പെട്ടി തുറന്നപ്പോൾ പെരുന്തൽമണ്ണയിൽ നിന്നു ഒരു എഴുത്തുണ്ടായിരുന്നു. മാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രോഗം ആരോപിയ്ക്കപ്പെട്ട് കിടക്കയെ ശരണം പ്രാപിച്ച ഒരു കൌമാരത്തിലെത്തിയ ഒരു കുട്ടിയുടേതാണു.

“.............അങ്കിളിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കാറുണ്ടെങ്കിലും പലതും മനസിലാകാറില്ല. എന്നാലും വായിക്കാൻ രസമുണ്ട്. ഫേസ്ബുക്കിൽ വന്ന കാലം മുതൽ വായിക്കുന്നു. ഞാൻ bed ridden ആണു. #$%^& ആണു അസുഖം. അച്ഛൻ വാങ്ങിത്തന്ന ഈ ലാപ്പാണു പുറം‌ലോകവുമായുള്ള എന്റെ ഒരു ബന്ധം. കഴിഞ്ഞ ദിവസം രഞ്ജിനെച്ചേച്ചിയേക്കുറിച്ച് അങ്കിൾ ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ. അതുവായിച്ച് ഞാൻ പൊട്ടിച്ചിരിച്ചു പോയി. എന്റെ ചിരി കേട്ട് അമ്മ ഓടി വന്നു. അമ്മയെ ഞാൻ പോസ്റ്റ് കാണിച്ചു കൊടുത്തപ്പോൾ അമ്മയും ചിരിച്ചു. അച്ഛനും ചേച്ചിക്കും അതു intresting ആയി. ചേച്ചി ഇത്തിരി ഗമയുള്ള ആളാ. അതു നേരത്തെ കണ്ടതാണെന്നു പറഞ്ഞു. ഞാനൊന്നു ചിരിച്ചു കണ്ടതിൽ വീട്ടിൽ എല്ലാർക്കും സന്തോഷം. വല്ലാത്ത വേദനയും മരുന്നു കഴിപ്പുമായി ഞാൻ തളർന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ രക്ഷപ്പെടാമെന്നാണു ഡോക്ടറന്മാർ ഇപ്പോൾ പറയുന്നത്. അങ്കിൾ എന്റെ അസുഖം മാറില്ലെ? എന്തായാലും അങ്കിളിന്റെ ആ പോസ്റ്റ് കിടുവാണു. ഇടയ്ക്കിടെ അതുപോലുള്ളതിടണെ...........”

ആ കുട്ടി രാവിലെ വലിയൊരു ഓർമ്മപ്പെടുത്തലാണു നടത്തിയത്. വെറുതെയെങ്കിലും അതിനെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞു. ഇങ്ങനെയുള്ള വിനിമയമൂല്യം ഉണ്ടെന്നറിയുമ്പോഴാണു നാം മനുഷ്യരാകുന്നത്. ഞാൻ മനുഷ്യനായി. കുട്ടി വേഗം സുഖം പ്രാപിക്കും. പ്രാർത്ഥനകൾ ...........

No comments: