Tuesday, October 19, 2010

അഗ്നിച്ചിറകുള്ള മോഹങ്ങൾ

എ.പി.ജെ അബ്ദുൾ കലാം സാർ തന്റെ കേരള സന്ദർശനത്തിനിടയിൽ (15 ഒക്ടോബാർ 2010) സൂചിപ്പിച്ച ഒരു കാര്യം: മതങ്ങൾ ശാസ്ത്രവുമായി കൈകോർക്കണം. ഒരു പള്ളിയങ്കണത്തിൽ നിന്നാണത് അദ്ദേഹം സൂചിപ്പിച്ചത്. ആ നിമിഷം, കലാം സാർ പ്രപഞ്ചത്തിന്റെ അന്തമില്ലാത്ത വലുപ്പത്തെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ ബ്രൂണോ(1548 –1600) യെ ഓർത്തിട്ടുണ്ടാകുമോ? കലാം സാർ തന്റെയുള്ളിലെ നന്മ കൊണ്ടും ലോകത്തോടുള്ള സ്നേഹവാത്സല്യം കൊണ്ടും അതു പറഞ്ഞു എന്നേ കരുതാവു.

ഒന്നാലോചിച്ചാൽ ഇന്നത്തെ മതങ്ങളും ഇന്നത്തെ ശാസ്ത്രവും തമ്മിൽ കൈകോർക്കുന്നത് ആശാസ്യമാണോ?

ഇന്നത്തെ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനായാലും യഥാർത്ഥ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനാവുമോ എന്ന് സംശയമാണ്. അല്ലെങ്കിൽ പൌരാണിക ഇന്ത്യ പോലെ ഒരു രാജ്യമായിരിക്കണം.

പുരാതന ഇന്ത്യയിൽ അനേകം ശാസ്ത്രകാരന്മാർ ഉണ്ടായിട്ടുണ്ട്. ഗണിതത്തിലും വൈദ്യത്തിലും ജ്യോതിശാസ്ത്രത്തിലുമൊക്കെയായി. ആര്യഭടൻ, കണാദൻ, മാധവാചാര്യർ, നാഗാർജ്ജുനൻ, ചരകൻ തുടങ്ങിയവർ. അവരേയൊക്കെ പക്ഷെ നാം ഒരു മതത്തിന്റെ പട്ടികയിൽ പെടുത്തിക്കളഞ്ഞു. ഇവരിൽ ചിലരെങ്കിലും തനി യുക്തിവാദികളും ഈശ്വരനിഷേധികളുമായിരുന്നു എന്നോർക്കണം. എന്നിട്ടും അവരുടെ ശാസ്ത്രസപര്യക്ക് ഒരു കുറവും സംഭവിച്ചില്ല. ബ്രൂണോയെപ്പോലെ ജീവിതം കരിച്ചു കളയേണ്ടി വന്നില്ല. ഒരു പക്ഷെ അതിനു കാരണം അവരുടെ ജനപക്ഷ സമീപനമായിരിക്കണം. മനുഷ്യർക്ക് നന്മ വരണം. അവർ സുഖമായി ജീവിക്കണം. ശാസ്ത്രത്തിന്റെ പേരിൽ ആരും ചൂഷണം ചെയ്യപ്പെടരുത്. ശാസ്ത്രം എല്ലാവർക്കും ലഭ്യമായിരിക്കണം എന്നൊക്കെയുള്ള മാനദണ്ഡങ്ങളിൽ ജീവിച്ചത് കൊണ്ടാവാം അവരെ നാം ഇന്നും അഭിമാനത്തിന്റെ പുറത്തെങ്കിലും ഓർക്കുന്നത്. അവരുടെ രീതികളല്ല, ഇന്ന് ശാസ്ത്രകാരന്മാർക്കുള്ളത്.

ആത്മീയതയേ ആകും കലാം സാർ മതമെന്ന് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഇന്ന് ആത്മീയതയുമായി മതങ്ങൾക്ക് എന്ത് ബന്ധം?

കാലമാകെ മാറിയിരിക്കുന്നു. ആധുനിക ശാസ്ത്രവും മതവും തമിൽ വലിയ വ്യത്യാസമില്ല. ശാസ്ത്രം തന്നെ ഒരു മതമാണിന്ന്. ചൂഷണമാണു ശാസ്ത്രത്തിന്റെ ലക്ഷ്യം. അറിവ് ജനങ്ങളിൽ നിന്നു പരമാവധി അകറ്റി സ്വകാര്യമായി വക്കാനാണു ശാസ്ത്രത്തിനു താല്പര്യം. ദൈവത്തിന്റെ സ്വരൂപം മറച്ചു വച്ചു കൊണ്ട് മതങ്ങളും അത് തന്നെ ചെയ്യുന്നു. ഗവേഷണങ്ങളുടെ നടത്തിപ്പ് വ്യവസായ സ്ഥാപനങ്ങൾക്കാണു. അതും അവർക്ക് ചൂഷണ സാദ്ധ്യതയുള്ളവയിൽ മാത്രം. ആചാരങ്ങളും ഉത്സവങ്ങളും ധ്യാനം കൂടലും സപ്താഹങ്ങളുമായി മതവും ആ പാതയിൽ തന്നെ. ഈ പശ്ചാത്തലത്തിൽ മതങ്ങൾ ശാസ്ത്രവുമായി അംഗീകാരത്തോടെ കൈകോർത്താൽ ലോകം നശിച്ചു പോകാൻ വേറൊന്നും ചെയ്യണ്ട.

മതം വൈകാരികമാണു, പലപ്പോഴും. വൈകാരികതയ്ക്ക് തീപിടിക്കുമ്പോൾ പലതും മറക്കും. ഇന്ത്യക്കും അങ്ങനെ ഒരു അനുഭവമുണ്ട്. ബുദ്ധന്റെ മരണശേഷമാണത്. ബുദ്ധന്റെ കാലത്ത് ആയുർവ്വേദം ശസ്ത്രക്രിയകൾ ചെയ്തിരുന്നു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കണ്ട. സായിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഹീലിങ്ങ്നൈഫിലാണെന്നാണോർമ്മ. ബുദ്ധൻ മരിക്കാനിടയായത് ശസ്ത്രക്രിയയേ തുടർന്നായിരുന്നു. ബുദ്ധന്റെ വിയോഗത്താലുണ്ടായ ദു:ഖം ഉണർത്തിവിട്ട വികാരം ശസ്ത്രക്രിയയ്ക്കെതിരെ തിരിഞ്ഞു. ശസ്ത്രക്രിയ നിരോധിക്കപ്പെട്ടു. അതിനു അഹിസ നടപ്പാക്കുക എന്ന ഭാഷ്യമാണു നൽകിയത്. എന്ത് പറ്റി ?. വളരെ മുന്നേറേണ്ടിയിരുന്ന ശസ്ത്രക്രിയാ ശാഖ കൂമ്പടഞ്ഞു. എന്ന് വച്ച് ശാസ്ത്രകാരന്മാർ വെറുതെ ഇരുന്നില്ല. ശസ്ത്രക്രിയ കൊണ്ട് സാദ്ധ്യമാകാമായിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് അവർ വെറും നിസ്സാരമായ സസ്യൌഷധങ്ങൾ കണ്ടെത്തി. അതിനു മുൻപ് സംഭവിച്ച അപകടം ഉണ്ടാകരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊണ്ട് അവർ ആ അറിവ് കുടുംബങ്ങളിലേക്ക്, കൃത്യമായി പറഞ്ഞാൽ അമ്മമാരിലേക്ക് പകർന്ന് മാറ്റി.പേറ്റന്റില്ലാത്ത ഒരു വൈദ്യം. ബ്രിട്ടീഷുകാരുടെ വരവിനു മുൻപ് വരെ അത് സജീവമായി നിലനിന്നു. ആധുനികതയോടുള്ള അഭിനിവേശം അതിനെ മെല്ലെ വിസ്മൃതിയിലേക്ക് തള്ളി. പകരം വ്യവസാ‍യികളുടെയും നൈതികതയില്ലാത്തവരുടേയും വൈദ്യം നാം ഏറ്റ് വാങ്ങി. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇത് സംഭവിച്ചു കഴിഞ്ഞു.

ഇനിയിപ്പോൾ ശാസ്ത്രത്തെ മതത്തോട് കൂട്ടിക്കെട്ടിയാൽ എന്താവും അനുഭവം? ഇപ്പോൾ തന്നെ ശാസ്ത്രത്തിന്റെ ഫലങ്ങൾ തെറ്റായി ഉപയോഗിക്കാൻ മതത്തിനു ഒരു വിഷമവുമില്ല. മതം മനുഷ്യൻ എന്ന സംജ്ഞ മറന്നു, വിഭാഗങ്ങളായി തിരിഞ്ഞാണു നില്പ്. എതിർ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആയുധങ്ങൾ സമ്പാദിക്കുന്ന കാര്യത്തിൽ മതങ്ങൾ കാണിക്കുന്ന ഔത്സുക്യം നോക്കുക? ഏറെ അപകടകർമാണത്.

ഇന്നത്തെ ശാസ്തത്തിന്റെ പല കണ്ടെത്തലുകളും മതം നേരത്തെ കണ്ടെത്തിയതാണെന്ന് പൊതു സദസുകളിൽ പ്രസംഗിച്ച് കയ്യടി വാങ്ങുന്നവർ ഉണ്ട്. മിക്കവരും ആധുനിക ശാസ്ത്രത്തിൽ നിന്ന് വന്നവർ. സംഘടിത മതത്തിനു പ്രചാരം കൊടുക്കാനുള്ള ഒരു ചിമിട്ട് വിദ്യമാത്രമാണത്. അവയൊക്കെ നേരത്തെ മതത്തിലുണ്ടായിരുന്നെങ്കിൽ പിന്നെന്തിനു വീണ്ടും കണ്ടെത്തി? നേരത്തെ മതത്തിലുണ്ടായിരുന്ന ശാസ്ത്രസത്യം പിന്നെങ്ങനെ നഷ്ടപ്പെട്ടു? മതം ശാസ്തത്തേക്കാൾ മികച്ചതാണെന്ന് കാണുമ്പോൾ അതിനെ സാധൂകരിക്കാൻ എന്തിനു ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ചുമ്മാ മതത്തിന്റെ പാത പിന്തുടർന്നാൽ പോരെ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവർ ബാദ്ധ്യസ്ഥരാണു. അല്ലാതെ മതത്തെ ശാസ്ത്രവുമായി വൈകാരികമായി കൂട്ടിച്ചേർത്ത് കയ്യടി വാങ്ങുന്നവർ ലോകത്തിനാകെ അപകടം വരുത്തി വക്കും. അവരുടെ വഴി ഇന്നത്തെ മതവും ഇന്നത്തെ ശാസ്തവും ചേർന്ന് ചൂഷണത്തിനു മൂർച്ഛ കൂട്ടാനുള്ള ഉപാധികൾ തേടുകയാണോ എന്ന് സംശയിക്കണം. വേറൊന്നുള്ളത് ജനം ശാസ്ത്രത്തെ വിട്ട് മറുവഴികൾ തേടിത്തുടങ്ങിയോ എന്നുള്ളതാണു. അത് ആത്മീയതയാണോ? എങ്കിൽ സംഘടിത മതത്തിനോ ആധുനിക ശാസ്ത്രത്തിനോ അവിടെ ഒന്നും ചെയ്യാനില്ല. അപ്പോൾ സ്വാഭാവികമായും സംഘടിത മതവും ആധുനിക ശാസ്ത്രവും കൈകോർക്കും. എനിനെന്നോ, വെറും ചൂഷണത്തിനു. ഗൈനക്കോളജിസ്റ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നത് അവരുടെ ശാസ്ത്രം വച്ചല്ല. വെറും ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ചാണു. ശസ്സ്ത്രവും മതവും കൈകോർക്കേണ്ടത് ഇങ്ങനെയാണോ?

വളരെ തമാശയുള്ള വേറെ ഒരു കാര്യമുണ്ട്. മതം, നിഷേധിക്കുന്ന ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളും ധനസമ്പാദനത്തിനു ഉപയോഗിക്കാൻ മതത്തിനു ലജ്ജയില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങി. ഭാരതീയതയെ പിടിച്ച് ആണയിടുന്ന ആത്മീയാചാര്യന്മാർ തങ്ങളുടെ ആത്മീയ സമ്പത്തികളില്പെട്ട ആയുർവ്വേദത്തേയോ വേദഗണിതത്തേയോ ഖഗോള ശാസ്ത്രത്തേയോ ഉപജീവിക്കുന്നില്ല. പകരം അവർ ആധുനികതയുടെ പളപളപ്പിനെ പുൽകുന്നു. ആയുർവ്വേദം ആത്മാവു പോലെ അനാദിയാണെന്നറിയേണ്ട ആത്മീയർ അതിനു വേണ്ടി ചികിത്സാലയങ്ങൾ തുടങ്ങുകയോ അത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ടോ? സത്യത്തിൽ അവർക്ക് തന്നെ അതിൽ വിശ്വാസമില്ല. പിന്നെ ഇപ്പോൾ അതൊരു ചൂഷണോപാധിയാക്കാമെന്ന് കണ്ടെത്തുമ്പോൾ ആധുനിക രീതിയിലേക്ക് അതിനെ പരിഷ്കരിച്ച് ഉപയോഗപ്പെടുത്താൻ നോക്കുന്നുണ്ട്.

ഇതൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ (ഇന്നത്തെ) ശാസ്ത്രവും മതവുമായി കൈകോർക്കുന്നത് എന്തിനാവും? അതിന്റെ പരിണിതി എന്തായിരിക്കും? കലാം സാർ അങ്ങയുടെ അഭിപ്രായം നിർമ്മലമാണു. പക്ഷെ അത് വികൃതികളുടെ കൈയിൽ പെടുമ്പോൾ അഗ്നിചിറക് വിരിച്ച് പറന്ന് ഈ പ്രപഞ്ചത്തെ നശിപ്പിക്കില്ലെന്നാരു കണ്ടു?

1 comment:

അശോക് കർത്താ said...

ഗൈനക്കോളജിസ്റ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നത് അവരുടെ ശാസ്ത്രം വച്ചല്ല. വെറും ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ചാണു