Saturday, October 17, 2009

ശ്രീമതി ടീച്ചർ പറയേണ്ടത്

ശ്രീമതി ടീച്ചർ കേരളത്തിന്റെ ആരോഗ്യമന്ത്രിയാണു. അദ്ധ്യാപനത്തിലും രാഷ്ട്രീയത്തിലും സമ്പന്നമായ പരിചയമുണ്ട്. നന്നായി നടത്തിക്കൊണ്ടുപോകാൻ ഏറെ വിഷമമുള്ള ആരോഗ്യവകുപ്പിന്റെ തലപ്പത്താണിപ്പോൾ. അതിന്റെ പേരിൽ വേണ്ടത്ര ചീത്തപ്പേര് വാങ്ങിവച്ചിട്ടുമുണ്ട്.
വളരെ സെൻസിറ്റീവായ ഒരു വകുപ്പാണു ആരോഗ്യം. ആയുസ്സിനെ തൊട്ടുള്ള കളിയാണ് ആ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മരുന്ന് കമ്പനികൾക്കും പരിശോധനാ ഉപകരണസ്ഥാപനങ്ങൾക്കും അവിടെ ഇടപെട്ട് അലമ്പുണ്ടാക്കാൻ എളുപ്പമാണു. കേരളത്തിലെ ഔദ്യോഗികവും അനൌദ്യോഗികവുമായ എല്ലാ ഡോക്ടേഴ്സും പണിമുടക്കി വീട്ടിലിരുന്നാലും സത്യത്തിൽ ഒന്നും സംഭവിക്കുകേല. കാരണം എത്രത്തോളം മെഡിക്കൽ ഇന്റർ‌വെൻഷൻ കുറയുന്നോ അത്രയ്ക്ക് ആയുസ്സ് കൂടും. അതിനെപ്പറ്റി ഭർത്തൃഹരി പണ്ടേ ഒരു തമാശ പറഞ്ഞിട്ടുണ്ട്. കാലനാണെങ്കിൽ നിങ്ങളുടെ ആയുസ്സ് മാത്രമേ കൊണ്ടു പോകു. ഡോക്ടേഴ്സാണെങ്കിൽ കാശുംകൂടി കൊണ്ടുപോയിക്കളയും. എല്ലാ തമാശകളും സത്യത്തിന്റെ വെളിപാടുകൾ ആയതുകൊണ്ട് ഭർത്തൃഹരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.
അതൊക്കെ വിട്ടു കളയാം. ഈ പോസ്റ്റിടാൻ തീരുമാനിച്ചത്, മെഡിക്കൽ വിദ്യാഭാസവകുപ്പിലെ ഡോക്ടറന്മാരുടെ സമര ഭീഷണി വന്നതു കൊണ്ടാണു. ഒക്ടോബർ 22 മുതൽ അവർ പണിയെടുക്കില്ല.
വേണ്ട. വീട്ടുകാര്യമായിരുന്നെങ്കിൽ ടിച്ചർക്ക് അങ്ങനെ പറയാം.
പക്ഷെ ഇത് നാട്ടുകാര്യമായിപ്പോയി. അതു കൊണ്ട് ടീച്ചർ എന്തുപറയുമെന്ന് എനിക്ക് ഉറപ്പില്ല.

അലോപ്പതി വിദ്യാഭ്യാ‍സ വകുപ്പിലെ സമരക്കാരോട് വീട്ടിൽ പൊയ്ക്കോളാൻ പറയുന്നതാണു ഉചിതം. അങ്ങനെ പറഞ്ഞുകളയാതിരിക്കാൻ ‘ഡോക്ടറന്മാരെ സമരത്തിലേക്ക് തള്ളിവിടുന്നത് സ്വകാകാര്യ ആശുപത്രികളെ സഹായിക്കാൻ‘ എന്ന രീതിയിലുള്ള കൊള്ളിവാക്ക് പ്രചരണം ചില മാദ്ധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സത്യത്തിൽ ഡോക്ടേഴ്സിനു സമരം ചെയ്യണമെന്നാഗ്രഹമില്ല. സ്വകാര്യപ്രാക്ടീസ് നിർത്തരുതെന്ന മോഹമേയുള്ളു. അത് സാധിക്കാനുള്ള സമ്മർദ്ദമായി എന്തും ഉപയോഗിക്കും.
നാം ഒരു കാര്യം ആലോചിക്കണം. മെഡിക്കൽ കോളേജിലെ ഡോക്ടർ സാറന്മാർ ആരാണു? പ്രാഥമികമായി അവർ ടീച്ചറെപ്പോലെയുള്ള അദ്ധ്യാപകരാണു.
ഈ പള്ളിക്കുടത്തിൽ എങ്ങനെ വന്നു പെട്ടു? പി.എസ്.സി ടെസ്റ്റെഴുതി?
എന്താ ഉദ്ദേശം? വൈദ്യം പഠിപ്പിക്കുക.
അതിനിടയിൽ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നത് തെറ്റാണോ? അല്ല.
അതിനു വീട്ടിലിരുന്ന ചികിത്സിക്കണമെന്ന് നിർബ്ബന്ധമുണ്ടോ? ഉണ്ട്. എങ്കിലെ പുറം വരുമാനമുണ്ടാകു.
അതെത്ര വരും? ദിവസം ഒരു 10000 രൂപാ മുതൽ മുകളിലേക്ക്. അതവർ കളയണോ?
അപ്പോൾ അതാണു പ്രശ്നം. വരുമാനം. അല്ലാതെ രോഗികളുടെ വെൽഫെയറോ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മെച്ചപ്പെടുത്തലോ അല്ല. അപ്പോൾ അവർ എന്താണു ചെയ്യേണ്ടത്. ജോലി രാജിവച്ച് പുറത്ത് പോകണം. പോകുമോ? ഇല്ല. അതെന്താ? മെഡിക്കൽ കോളേജിലെ സാറെന്ന പേരിലാ അവരെ വിവരമുള്ള ഡോക്ടേഴ്സായി പരിഗണിക്കുന്നത്. കോളേജിലെ ജോലിവിട്ടാൽ ആ പേരുപറഞ്ഞ് ഫീസുവാങ്ങാൻ പറ്റുമോ? ഇല്ല.
അപ്പോൾ ടീച്ചർ എന്താ ചെയ്യേണ്ടത്?
പണ്ട് ക്ലാസ്സ് റുമിലൊക്കെ ചെയ്തപോലെ ഒരു ചൂരൽ വടിയുമായി വന്ന് “കേറിപ്പോടാ/പോടീ അകത്ത്” എന്നങ്ങ് പറയണം.
അവിടെ തീരും കാര്യങ്ങൾ. കാരണം ഈ സമരത്തിൽ വൈദ്യത്തിനോ, വിദ്യാഭ്യാസത്തിനോ റോളൊന്നുമില്ല. സമരം അടിച്ചമർത്തിയാൽ ഡോക്ടറന്മാരുടെ ആത്മാഭിമാനം മുറിപ്പെടുമെന്ന് ശങ്കയുണ്ടോ? അതിന്റെയും ആവശ്യമില്ല. കാരണം അങ്ങനെയൊന്ന് അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ കച്ചവടക്കാരുമായി ചേർന്ന് രോഗികളെ ദ്രോഹിക്കില്ല. പ്രസവമുറിയിൽ അമ്മമാരെ തെറി പറയില്ല. രോഗികളോട് പരുഷമായി സംസാരിക്കില്ല. പാരസെറ്റമോൾ കുറിച്ച് കൊടുക്കണ്ടിടത്ത് സ്കാനിന് കുറിപ്പെഴുതുമായിരുന്നില്ല.
അതു കൊണ്ട് ടീച്ചർക്ക് ധൈര്യമായിപ്പറയാം.
അത് കേട്ടാൽ അവർ പഴയ ആ സിനിമാ ഡയലോഗ് ഉച്ചരിച്ച് ഓടിക്കോളും.
“വിട്ടോടാ തോമസ്സുകുട്ടീ...........................”

6 comments:

അശോക് കർത്താ said...

ഡോക്ടറന്മാരുടെ ആത്മാഭിമാനം മുറിപ്പെടുമെന്ന് ശങ്കയുണ്ടോ? അതിന്റെയും ആവശ്യമില്ല. കാരണം അങ്ങനെയൊന്ന് അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ കച്ചവടക്കാരുമായി ചേർന്ന് രോഗികളെ ദ്രോഹിക്കില്ല. പ്രസവമുറിയിൽ അമ്മമാരെ തെറി പറയില്ല. രോഗികളോട് പരുഷമായി സംസാരിക്കില്ല. പാരസെറ്റമോൾ കുറിച്ച് കൊടുക്കണ്ടിടത്ത് സ്കാനിന് കുറിപ്പെഴുതുമായിരുന്നില്ല.
അതു കൊണ്ട് ടീച്ചർക്ക് ധൈര്യമായിപ്പറയാം

Anonymous said...

കഷായക്കാരന്റെ രോഗം ആരു ചികിത്സിക്കും

ABCD said...

ബുഹഹഹ
പക്ഷെ അതു ശ്രീമതിടീച്ചര്‍ പറയില്ല. ചുമ്മാ അവരെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്യണോ കഷായക്കാരാ?

നാട്ടുകാരന്‍ said...

“ജോലി രാജിവച്ച് പുറത്ത് പോകണം. പോകുമോ? ഇല്ല. അതെന്താ? മെഡിക്കൽ കോളേജിലെ സാറെന്ന പേരിലാ അവരെ വിവരമുള്ള ഡോക്ടേഴ്സായി പരിഗണിക്കുന്നത്.“
ഇതു കൊള്ളാം.


പക്ഷേ ഒരു സംശയം ... ടീച്ചർക്ക് ഇവരോടു പോയിപ്പണി നോക്കാൻ പറയാനുള്ള നട്ടെല്ലുണ്ടോ?

KUTTAN GOPURATHINKAL said...

ഹല്ലേ, അറിയാമ്മേലാഞ്ഞിട്ടു ചോദിയ്ക്കുവാ. ഈ കഷായക്കാരന്‍ ഏതു കോത്താഴത്താ ജീവിയ്ക്കുന്നത്. ഹലോ, ഇതു കേരളമാ..ഇവിടെ ആരൊക്കെ എന്തൊക്കെ ചെയ്യണം;എങ്ങനൊക്കെജീവിക്കണം,ഭരിയ്ക്കണം എന്നൊക്കെ ഞങ്ങള്‍ “മാധ്യമങ്ങ“ളാ തീരുമാനിയ്ക്കുന്നേ..അല്ലാതെ കഷായത്തിനു കുറിപ്പടിയെഴുതുന്ന താങ്കളേപ്പോലുള്ളവരല്ല. ധൈര്യമുണ്ടെങ്കില്‍ റ്റീച്ചറങ്ങനെയൊന്ന്, ഒരു വാക്ക് പറഞ്ഞുനോക്കട്ടെ.. എലക്ഷനാ വരുന്നേ..ആണുമന്ത്രിയാണേവരെ ഞങ്ങള്‍ മുട്ടുമടപ്പിയ്ക്കും. പിന്നാ ഒരു പഴേ റ്റീച്ചറ്. ഇതെന്നാ പള്ളിക്കൂടത്തിലെപിള്ളാരാണെന്നുവിചാരിച്ചോ, ഞങ്ങള്‍ ഡോക്റ്ററന്മാര്‍? പിടിച്ചുകിടത്തി എനിമാതരും ങ്ഹാ..പറഞ്ഞില്ലെന്നുവേണ്ടാ..

Anonymous said...

കഷായീ....
അബദ്ധത്തില് ആശ്ശൂത്രീലൊന്നും കേറൊല്ലേ !!!!
തന്നെ അവരു കണ്ടിക്കും....