Monday, June 23, 2008

രോഗം പരത്തുന്ന വൈദ്യന്‍?

..കേരളത്തിലെ ആരോഗ്യമേഖലയിലും നിരവധി വൃത്തികേടുകളുണ്ടെന്ന് പറയാതെ വയ്യ. കഴിഞ്ഞമാസം കേരളത്തിലെ മാദ്ധ്യമസുഹൃത്തുക്കളുമായും ചില ഉന്നത ഉദ്ദ്യോഗസ്ഥന്മാരുമായും ബന്ധപ്പെടേണ്ടി വന്നപ്പോള്‍ എനിക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ ഞെട്ടിക്കുന്ന കഥകളാണു. ദുരൂഹതയുണര്‍ത്തുന്ന പേരുള്ള കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍, വസ്തുക്കള്‍ തട്ടിയെടുക്കാനുള്ള ഉറ്റവരുടെ ശ്രമങ്ങള്‍ക്ക്‌ വഴങ്ങാത്തവരെ, പ്രത്യേകിച്ചും വൃദ്ധരെ 'മെന്റല്‍ കേസ്സുകള്‍' എന്നുപറഞ്ഞ്‌ ബലം പ്രയോഗിച്ച്‌ അഡ്മിറ്റ്‌ ചെയ്യാറുണ്ടത്രെ ...................................................................
...........................................................ചെന്നയില്‍ നിന്ന് ഞാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍, റിസപ്ഷനിലുള്ളവര്‍ ഒരു പ്രത്യേകവ്യക്തിയെ 'മാനിയ' എന്ന 'രോഗം' കാരണമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു. ഡോക്ടറുടെ സെല്‍ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഡോക്ടറെ വിളിച്ച്‌ രോഗിയുടെ പേരുപറഞ്ഞതും അയാള്‍ ഫോണ്‍ സ്വിച്ചോഫ്‌ ചെയ്തു. അയാളും മാനേജുമെന്റും ചെയ്തുകൂട്ടുന്ന വൃത്തികേടുകളുടെ സൂചനയാണത്‌...... ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിനും സമാധാനജീവിതത്തിനും ഭീഷണീയായ ഇത്തരം നിയന്ത്രിക്കപ്പെടാത്ത ആശുപത്രികള്‍ പലതുമുണ്ട്‌.
(ഡോ.പി.രാധാകൃഷ്ണന്‍ നടത്തുന്ന നിരീക്ഷണത്തിന്റെ പൂര്‍ണ്ണരൂപം 2008 ജൂണ്‍ 13 ലെ സമകാലിക മലയാളത്തില്‍ കാണാവുന്നതാണു. www.malayalamvarikha.com)
മേമ്പൊടി:
മരുന്ന് പരീക്ഷണത്തിനു രോഗിയെ അയാള്‍ അറിയാതെ വിധേയമാക്കുന്ന എത്ര ആശുപത്രികള്‍ വേണമെങ്കിലും നമുക്കുണ്ട്‌. ഇത്‌ പുതിയൊരു മേഖലയാണു. താളവട്ടം സിനിമയില്‍ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ ചെയ്യുന്ന ക്രൂരത നമ്മള്‍ കണ്ടിട്ടുണ്ട്‌. ഇപ്പോള്‍ സിനിമയിലല്ല ജീവിതത്തില്‍ തന്നെ നമുക്കത്‌ കാണാന്‍ കഴിയും. എന്തൊരു പുരോഗതി. ഹ.. ഹാ ......രോഗം പരത്തുന്ന വൈദ്യന്‍? മരണം വില്‍ക്കുന്ന ആതുരാലയങ്ങള്‍ ?

7 comments:

അശോക് കർത്താ said...

സമൂഹത്തിനും സമാധാനജീവിതത്തിനും ഭീഷണീയായ ഇത്തരം നിയന്ത്രിക്കപ്പെടാത്ത ആശുപത്രികള്‍ പലതുമുണ്ട്‌

അഹങ്കാരി... said...

എന്താ‍ായാലും അലോപ്പതി സംരക്ഷകരുടേം ആയുര്‍വേദഖണ്ഡകരുടേയും കമന്റുകള്‍ വരട്ടെ

jp said...

രാധാകൃഷ്ണന്റെ ലേഖനം വായിച്ചില്ല.
സിനിമയില്‍ കണ്ടിട്ടുണ്ട്.
മറ്റൊരു ഭാഗമുണ്ട്..ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും കാശുതട്ടാന്‍ രോഗിയ്ക്ക് ‘അധിക’ ചികിത്സ.
രോഗിയ്ക്ക് ഇഷ്ടം..
കയ്യില്‍ നിന്നും കാശുപോകുന്നില്ല. മുന്തിയ ചികിത്സ..ടെസ്റ്റുകള്‍..ആഹാ..
പ്രീമിയം കൊടുത്ത കാശും അതിന്റെ നൂറിരട്ടിയും മുതലായി!

മരത്തലയന്‍ പട്ടേട്ടന്‍ said...

സമൂഹത്തിന്റെ സര്‍വ്വതുറകളേയും ബാധിച്ചിട്ടുള്ള “വ്യാപാരസംസ്ക്കാരത്തിന്റെ ” പ്രതിഫലനമാണ് ആരോഗ്യരംഗത്തും കാണുന്നത് . അടിയന്തിരചികിത്സ ലഭിക്കേണ്ടത് സമൂഹഗാത്രത്തിന് മൊത്തത്തിലാണ് . അത് ലഭിക്കാനുള്ള സാധ്യത വിദൂരമായിപ്പോലും കാണുന്നില്ല. ആയതിനാല്‍ ഇത്തരം ദീനവിലാപങ്ങള്‍ എല്ലാ രംഗത്ത് നിന്നും ഉയരട്ടെ . അത് കേട്ട് കേട്ട് നമുക്ക് സര്‍വ്വവിനാശത്തിലേക്ക് കുതിക്കാം !

jp said...

മിത്രന്‍ പറഞ്ഞതു നേര്..
വ്യാപാരസംസ്കാരം.
ഇതാ മറ്റൊരു വ്യാപാരം.
സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് പേസ്റ്റ്, സോപ്പ്, ബേബിഫുഡ്, കെയര്‍ഫ്രീ..എന്നു വേണ്ട പലചരക്കുസാധനം വരെ കൊടുത്ത് അത് ചീകിത്സയുടെ പെരില്‍ സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്ന കൂട്ടുകച്ചവടം.
മരുന്നിന്റെ ബില്ലെഴുതി അതും മെഡിക്കല്‍ റീ‍യിംബേഴ്സിനുള്ള അപേക്ഷയും ഡോക്ടറെക്കൊണ്ട് ഒപ്പിടുവിച്ച് നിങ്ങള്‍ക്കൊരു രോഗവും ചാര്‍ത്തിത്തരുന്ന കാര്യം മെഡി.സ്റ്റോറുകാര്‍ ചെയ്യും.
രോഗിയെ കാണാതെ രോഗവും ചൊകിത്സയും നിര്‍ണ്ണയിയ്ക്കുന്ന മഹാ വൈദ്യന്മാരും ലാഭം കൊയ്യുന്ന മെഡി.സ്റ്റോറുകാരും രോഗമില്ലാതെ ‘രോഗി’യായി സര്‍ക്കാര്‍ ചെലവില്‍ പല്ലുതേപ്പൂം കുളിയുമൊക്കെ നടത്തി ആപ്പീസില്‍ പോകുന്ന സര്‍ക്കാരുദ്യോഗസ്ഥരും ചെര്‍ന്നുള്ള കൂട്ടുകച്ചോടം.
ഇതില്‍ അലോപ്പതി-ആയുര്‍വേദ ഭേദമൊന്നുമില്ല.
ഈ സേവനത്തിനു പോകാത്ത നല്ല ഡോക്ടര്‍മാര്‍ അനേകമുണ്ട്.
തിരു.പുരത്തെ ഒരു മെഡി.സ്റ്റോറില്‍ ജിഞ്ജര്‍ ടോണിക് (സാക്ഷാല്‍ വീര്യമുള്ളവന്‍) ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നവരുമുണ്ട്. സാധനം കടമായി കിട്ടും. മാസാവസാനം ഒരു ബില്ലും..അത് സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ട് കടം വീട്ടിയാല്‍ മതി..ആഹാ..
(ഇത് നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍)

Unknown said...

ഇയ്യാള്‍ ഇപ്പോള്‍ സ്വന്തമായ എഴുത്ത് നിര്‍ത്തിയോ? ആരാണീ പി.രാസാകൃഷ്ണന്‍? എന്തിലാണു ഡാക്ടറേറ്റ്? പച്ചില വൈദ്യത്തിലോ? മലയാളത്തില്‍ വന്ന ലേഖനം ഞാന്‍ വായിച്ചതാണു. നിങ്ങള്‍ പറണ്‍ജിരിക്കുന്ന വിഷയമൊന്നുമല്ല അതില്‍ എഴുതിയിരിക്കുന്നത്. അന്‍പുമണി രാമദാസ് എന്ന കേന്ദ്രമന്ത്രിയോടുള്ള വിരോധമാണ്‌ അതിന്റെ സബ്ജകറ്റ്. അത് ഡോ. വേണുഗോപാലിനെ പിന്തുണയ്ക്കാനുള്ള ഒരു കാമ്പയിന്റെ ഭാഗവുമാണു. അതില്‍ നിന്ന് ഒരു ഭാഗവം വെട്ടിയെടുത്ത് അളിഞ്ഞകഷായത്തില്‍ ഇട്ടിരിക്കുന്നു. ഇതു കൊണ്ടൊന്നും നിങ്ങളുടെ ഉദ്ദേശം നടക്കാന്‍ പോകുന്നില്ല.

ഡി .പ്രദീപ് കുമാർ said...

ആശുപത്രി മാഫിയ എന്നൊരു മാഫിയ കേരളത്തിലുണ്ടെന്നു പ്രമുഖ അശുപത്രികളില്‍ ചികിത്സക്കായി പോകുന്ന ആര്‍ക്കുംബോധ്യപ്പെടും.മരുന്നു പരീക്ഷണം ഒരു പുതിയ കര്യമല്ല. മെഡിക്കല്‍ റെപ്പുമാരില്‍ നിന്നു കാശും കിമ്പളവും വാങ്ങി അവരുടെ മരുന്നുകള്‍ കുറിച്ചു കോടുക്കുന്നതും പരീക്ഷണം തന്നെയല്ലേ?
കേരളത്തില്‍ നിന്ന് മരുന്നു പരീക്ഷണത്തിനായി ചെറുപ്പക്കാര്‍ ബാംഗ്ലൂരിലേക്കു പോകുന്നതായി അടുത്തിടെ ഒരു പ്രസിദ്ധീകരണത്തീല്‍ കണ്ടു.കാശിനു വേണ്ടി ആരും ‍എന്ന്തും ചെയ്യും.ആശുപത്രികല്‍ കെട്ടിപ്പടുത്തല്ല ആരോഗ്യ സംരക്ഷണം നടത്തേണ്ടത്. രോഗ പ്രതിരോധത്തിനായി നാട്ടു വൈദ്യമുള്‍പ്പെടെയുള്ള വൈദ്യശാഖകളെ ഉള്‍പ്പെടുത്തി പ്രാഥമികതലത്തില്‍ ആരോഗ്യസംരക്ഷണപ്രവര്‍ത്തനം നടത്തൂകയാണു ചെയ്യേണ്ടത്.മഴക്കാലത് പനിക്കൂര്‍ക്കയും തുളസിയുമിട്ട ചക്കരക്കാപ്പി കുടിക്കാന്‍ ജനങ്ങാളെ ഉപദേശിക്കേണ്ട സര്‍ക്കാര്‍ പാരാസിറ്റമോളും ആന്റി-ബയോട്ടിക്കുകളും വാരിക്കൂട്ടി,ഭീകരപനികളുടെ പേരുകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ആര്‍ക്കു വേണ്ടിയാണു?