Sunday, February 17, 2008

"ഞങ്ങളുടെ പിഴ.....ഞങ്ങളുടെ പിഴ....ഞങ്ങളുടെ മാത്രം പിഴ"

തലക്കെട്ട്‌ കണ്ട്‌ അമ്പരക്കണ്ട! അക്ഷരക്കഷായത്തിനു ഒരാമുഖമാണിത്‌. ബ്ലോഗ്‌ ആരംഭിച്ചിട്ട്‌ ഒരു വര്‍ഷവും 25 പോസ്റ്റും കഴിഞ്ഞു. അതിനു ശേഷം ഇങ്ങനെ ഒരാമുഖം വേണ്ടിവന്നത്‌ തലകുത്തി നില്‍പ്പാണന്നറിയാം. ബ്ലോഗിന്റെ സ്വാഭാവം വച്ച്‌ നോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം തലതിരിഞ്ഞ രീതിയിലാണല്ലോ ഇതിലൂടെ പുരത്ത്‌ വരുന്നത്‌.

അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത്‌ മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട്‌ പലരും പ്രതികരിയ്ക്കാറുള്ളത്‌.
ഈ ബ്ലോഗ്‌ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച്‌ പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്‌.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത്‌ മറന്നുപോകുന്നത്‌? വാക്കുകള്‍ക്ക്‌ കാലത്തെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട്‌ നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക്‌ നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?

സയന്‍സ്‌ കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്‌. അത്‌ സത്യം. എന്നാല്‍ പാരമ്പര്യത്തിന്റെ കഥ അതല്ല. അനുഭവസിദ്ധമായ ശാസ്ത്രമാണത്‌. കാലാതീതവും. ഏതൊരാള്‍ക്കും അത്‌ അനുഭവിച്ചറിയാം. അതിനു ശാസ്ത്രയുക്ത്യാ ചിന്തിക്കുന്ന മനസുണ്ടാവണം ആദ്യം. അല്ലാതെ പാണ്ഡിത്യവും ബിരുദങ്ങളും ഒന്നും ആവശ്യമില്ല. (കര്‍ഷകരും കാര്‍ഷിക-ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം ആലോചിച്ചു നോക്കിയാല്‍ ഇത്‌ മനസിലാകും). ഗവേഷണ പ്രബന്ധങ്ങളും എഴുതണ്ട. മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നാല്‍ മതി. അനുഭവവും പ്രയോജനവുമായിരിക്കണം ലക്ഷ്യം.


ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട്‌ എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ അവര്‍ക്ക്‌ പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്‌?
ആരെങ്കിലുമൊക്കെ പറയുന്നത്‌ കേട്ട്‌ വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്‌. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക്‌ ഉചിതമായ പേര്‌ മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച്‌ അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്‌.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ്‌ ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത്‌ കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക്‌ പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച്‌ പറയുന്നത്‌ കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?

സയന്‍സ്‌ വളരുകയും ടെക്നോളജി മുന്നോട്ട്‌ കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത്‌ എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച്‌ മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്‌? അത്‌ സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട്‌ ഭയപ്പെട്ട്‌ 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ്‌ പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്‌. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക്‌ അനുസരിച്ച്‌ ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത്‌ അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ സയന്‍സിനു എന്ത്‌ പറയാനുണ്ട്‌? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വരുന്നത്‌.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത്‌ അവധാനതയോടെയാണു കണ്ടിരുന്നത്‌. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച്‌ അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്‌?
അത്‌ പ്രയോജനപ്രദമാണോ?
അത്‌ ആധുനികകാലത്തിനനുസരിച്ച്‌ പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്‌, അക്കാദമിക്ക്‌ പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച്‌ ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക്‌ അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ്‌ പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്‌. അക്കാഡമിക്ക്‌ ബുദ്ധി ജീവികള്‍ക്ക്‌ ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത്‌ തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട്‌ മാത്രം.

സയന്‍സ്‌ ഗംഭീരമായി മുന്നോട്ട്‌ പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ്‌ ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത്‌ പങ്ക്‌ എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച്‌ നോക്കുന്നത്‌ നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട്‌ പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത്‌ ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ്‌ തങ്ങളുടേതെന്ന് പറഞ്ഞ്‌ ആഘോഷിക്കുന്നത്‌.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്‌. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത്‌ സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക്‌ ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച്‌ തെളിവ്‌ കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്‌? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക്‌ തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത്‌ മുന്നോട്ട്‌ പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത്‌ അവസാന വാക്കൊന്നുമല്ല.
കാത്‌ കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്‌.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത്‌ കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത്‌ കിടന്നു കൊണ്ട്‌ തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച്‌ കാണിക്കേണ്ടി വരും.
അത്‌ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്‌. ലേഖകന്‍ തന്നോട്‌ തന്നെ പറഞ്ഞ്‌ പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.

മേമ്പൊടി

ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത്‌ എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക്‌ ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച്‌ കൊടുത്തതാണത്‌.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ്‌ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്‌! 'ആദിവാസി'കളോട്‌ എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്‌! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട്‌ ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക്‌ ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ്‌ പറഞ്ഞ്‌ മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട്‌ അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക്‌ സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക്‌ കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................

7 comments:

അശോക് കർത്താ said...

സയന്‍സ്‌ കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്‌. അത്‌ സത്യം

Anonymous said...

അല്ലയോ കര്‍ത്താവേ, നിങ്ങള്‍ പറയുന്ന ശാസ്ത്ര വിരോധം അടിസ്ഥാനരഹിതമാണ്.പൊസിറ്റീവ് സൈഡ് കാണുക.കച്ചവടവല്‍ക്കരണം ഇല്ലാത്ത മേഖല ഏതുണ്ട് ഇവിടെ? നിങ്ങള്‍ ഈ പറയുന്ന പാരമ്പര്യം പോലും വഴിയോരങ്ങളിലെ കച്ചവടച്ചരക്ക് തന്നെ...!
ഒരു വിശ്വപൌരന് ഭാരതത്തിന്റെ പാരമ്പര്യത്തോട് മമത പുലര്‍ത്താന്‍ കഴിയില്ല..അവനു കൊടുക്കാന്‍ നിങ്ങളുടെ കയ്യില്‍ എന്തുണ്ട്? ശാസ്ത്രം പ്രാദേശികനിബദ്ധമല്ല..അത് യൂനിവേര്‍സല്‍ ആണ്..!

അറിവിനെ ഭയക്കരുത്..
ആ ഭയം അതൊരു മാനസികവൈകല്യമാണ്!

Anonymous said...

എന്താണു മാഷേ , ഈ അനുഭവമാണ് വലിയ തേങ്ങ എന്നൊക്കെ പറഞ്ഞ് പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നത്?..അനുഭവം വലുതു തന്നെ ..എന്നു വച്ച് ഒരാളുടെ അന്വേഷണത്വര അവിടം കൊണ്ട് നിര്‍ത്തണം എന്നു പറയുന്നതാണു പോക്കിരിത്തരം..താങ്കള്‍ക്ക് പറ്റില്ലെങ്കില്‍ ആലോചിച്ച് തലപുകയണ്ട..എന്നു വച്ച് ലോകത്തിനു ചലിക്കാതിരിക്കാന്‍ പറ്റുമോ?.ഉദാഹരണത്തിന് ഈ ബ്ലോഗ് താങ്കളുടെ വീട്ടിലെ നടുമുറിയിലിരുന്നെഴുതുന്നു, അതു ഞങ്ങള്‍ ഭൂമിയിലെ മറ്റൊരു ധ്രുവത്തിലിരുന്ന് വായിക്കുന്നു.. താങ്കള്‍ക്ക് ഈ അനുഭവം മാത്രം മതി..എങ്ങനെ ഇതു സാധിക്കുന്നു എന്നൊന്നും അറിയണ്ട..!
അതുകൊണ്ട് ശാസ്തം ഇല്ലെങ്കില്‍ കാര്യം കട്ടപ്പൊക..
ഇനി മനുഷ്യന്‍ ചെയ്യുന്ന നെറികേടൊന്നും ശാസ്ത്രത്തിന്റെ കുറ്റമല്ല..അതില്‍ കേറിപ്പിടിച്ച് ഈ പാരമ്പര്യവും പെരുമ്പാമ്പും കൊണ്ടൊക്കെ വന്നാല്‍ വിലപ്പോവില്ല മാഷേ..ശരാശരി IQ കൂടിവരികയാ..

അങ്കിള്‍ said...

:)

Sapna Anu B.George said...

കര്‍ത്താ ജി, എല്ലാ നാണയത്തിനും ഒരു മറുവശം ഉണ്ട്. പുരോഗതിയെ നമുക്ക് തടുക്കാനൊക്കില്ല.... അതിന്റെ കൂടെ കുറച്ചു നാശനഷ്ടങ്ങളും,ഒന്നു രണ്ടു ഡോക്ടര്‍ പശുപതി’മാരും കയരിവരും.ക്ഷമിക്കൂ. പുരോഗതിയെ നിര്‍ത്താനൊ,നിയന്തിക്കാനോ ഒക്കില്ലല്ലോ?നമ്മുടെ തീരുമാനങ്ങളും ചിന്താഗതിയും മാറ്റാം നല്ലതുമാത്രം എന്നു കാണുക,ചീത്തകള്‍ വേണ്ടാ എന്നു സ്വയം തീരുമാനിക്കുക.

അശോക് കർത്താ said...

സപ്നാജി
‘പുരോഗതി’ എന്നതു കൊണ്ട് നാം അര്‍ത്ഥമാക്കേണ്ടത് എന്താണു? അതിനുള്ള മാപിനി എന്താണു? സമാധാനം ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ? നാം ഇന്ന് പുരോഗതി എന്ന് വിളിക്കുന്നത് എത്ര കണ്ട് സമാധാനം തരുന്നുണ്ട്? പുരോഗതിയെ താലോലിക്കുന്നവര്‍ പോലും അതിനെ ഉള്ളില്‍ വെറുക്കുന്നുണ്ട്. ഇല്ലെ? പക്ഷെ നമ്മുടെ സങ്കല്പങ്ങളുടെ ഊരാക്കുടുക്കില്‍ നിന്നും വിട്ടുപോരാനാകാതെ, അതിന്റെ ചമ്മല്‍ ഒഅഴിവാക്കാനല്ലെ ഈ ന്യായീകരണങ്ങളോക്കെ?

Anonymous said...

മാഷിനു കലശലായ മാനസികവിഭ്രാന്തിയുണ്ട്..!
നമ്മിലെ സമാ‍ധാനമില്ലായ്മക്ക് ബാഹ്യമായ കാരണങ്ങള്‍ തേടുകയാണ് താങ്കള്‍ ! നിങ്ങളുടെ ഇലയിലേക്ക് സമാധാനം വിളമ്പിത്തരാന്‍ ഇവിടെ വേലക്കാരില്ല !
ധീരമായി ചിന്തിക്കൂ.. പഴയതിനെ കെട്ടിപ്പിടിച്ച് വിലപിക്കുമ്പോള്‍ നമ്മള്‍ പിന്തള്ളപ്പെടും..